ദാറുത്തൗഫീഖ് അൽ ഇസ്‌ലാമിയ്യ
കർമ്മവീഥിയിൽ ഒരു പൊൻ തൂവലായി
.
പാലക്കാട് ജില്ലയിലെ വല്ലപ്പുഴക്കടുത്ത് പട്ടാമ്പി-ചെറുപ്പുളശ്ശേരി റോഡിൽ ചൂരക്കോട് അത്താണിയിൽ പ്രവർത്തിച്ചുവരുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനം . അറാകുളം മുഹമ്മദ് കുട്ടി ഹാജി തൻ്റെ വലിയ സ്വപ്നമായി കൊണ്ടു നടന്നതായിരുന്നു ഈ സ്ഥാപന സംരഭം . അതിനായി അത്താണിയിൽ തൻ്റെ വീടിനടുത്തുള്ള 10 സെന്റ് സ്ഥലത്ത് ദർസിനാവശ്യമായ പള്ളി നിർമിക്കാൻ സ്ഥലം കണ്ടെത്തി. 2017 ഏപ്രിൽ 12 ന് ശൈഖുനാ സിറാജുദ്ദീൻ ഫൈസി ഉസ്താദിൻ്റെയും ഏലംകുളം റഷീദ് സഖാഫി ഉസ്താദിൻ്റെയും നേതൃത്വത്തിൽ കുറ്റിയടിക്കൽ കർമം നടന്നു. ഫൈസി ഉസ്താദ്, അലി സഅദി , മുഹമ്മദ് കുട്ടി ഹാജി തുടങ്ങിയവർ സമസ്തയുടെ മുൻ പ്രസിഡൻ്റും മദ്രസാ പ്രസ്ഥാനത്തിൻ്റെ ശിൽപ്പിയുമായ നൂറുൽ ഉലമ എം.എ ഉസ്താദിന്റെ വീട്ടിൽ ചെന്ന് തങ്ങളുടെ സ്ഥാപനമെന്ന ലക്ഷ്യത്തെ അവതരിപ്പിച്ചപ്പോൾ വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഹൂദിൻ്റെ 88-ാം ആയത്ത് ഓതി തുടങ്ങാനിരിക്കുന്ന സ്ഥാപനത്തിന് توفيق എന്ന് നാമകരണം ചെയ്തു. ആദ്യം 10 സെൻ്റിൽ പള്ളി നിർമിക്കുകയും 2018 മെയ് 5ന് മഗ്‌രിബ് നിസ്കാരത്തിന് ശൈഖുനാ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉസ്താദവർകൾ നേതൃത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് 7 സെൻ്റ് വാങ്ങി കോളേജ് സംവിധാനിക്കുകയും ചെയ്തു. വേണ്ടവിധം വഴിയോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്ന സ്ഥാപനത്തിന് മാനുക്ക, മണികാക്ക എന്നീ രണ്ട് സഹോദരന്മാർ ഇന്ന് കാണുന്ന വിധം മുമ്പിലുള്ള സ്ഥലം വിട്ടുനൽകി. ഇന്ന് ഇരുനിലകളിലായി വിടർന്നു നിൽക്കുന്ന സ്ഥാപനം നാടിൻ്റെ വലിയ പ്രതീക്ഷയാണ്.
വിശാലമായ ക്യാമ്പസ് മസ്ജിദ്, ദാറുത്തൗഫീഖ് ദഅ്‌വാ കോളേജ് എന്നിവയുൾപ്പെട്ട ഈ വിദ്യാലയത്തിൽ നിലവിൽ മുപ്പതോളം വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്.
മതപഠനത്തിനായി ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്തിട്ടുള്ള ഈ സ്ഥാപനം, വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള മതവിജ്ഞാനത്തോടൊപ്പം ഉന്നത നിലവാരമുള്ള ഭൗതിക വിദ്യാഭ്യാസവും ഉറപ്പാക്കുന്നു. മതപരമായ ‘മുഖ്ത്വസർ’ ബിരുദത്തോടൊപ്പം പ്രമുഖ സർവകലാശാലകളുടെ കീഴിലുള്ള ഡിഗ്രി കോഴ്സുകൾ, കമ്പ്യൂട്ടർ പരിശീലനം, വിവിധ ഭാഷാ ഡിപ്ലോമകൾ എന്നിവയും ഇവിടെ നൽകിവരുന്നു. കൂടാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഖിറാഅത്ത് സർട്ടിഫിക്കറ്റും മറ്റ് പരിശീലനങ്ങളും ക്യാമ്പുകളും വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.
അതുവഴി മികവുറ്റ നിരവധി പ്രതിഭകളെ സ്ഥാപനത്തിന് വാർത്തടുക്കാനായിട്ടുണ്ട്. മൂന്ന് വർഷം പരിചയമുള്ള ഈ സ്ഥാപനത്തിന്റെ മക്കൾ എസ് എസ് എഫ് കേരള ശൈഖ് രിഫാഈ(റ) നോളേജ് ചലഞ്ച് ഒന്നാം സ്ഥാനം,ഖാജ ഫൗണ്ടേഷൻ അഖില കേരള പ്രബന്ധ രചന അവാർഡ്, സംസ്ഥാനതല സ്വർഫ് ടെസ്റ്റ് ഒന്നാം സ്ഥാനം, കേരള സാഹിത്യോത്സവ് പ്രൈസ് തുടങ്ങിയ നേട്ടങ്ങൾ നേടാൻ കഴിഞ്ഞതും കാലികറ്റ് യൂണിവേയ്സിറ്റി, മറ്റു സ്ഥാപനങ്ങൾ സംഘടനകൾ നടത്തിയ പഠന സെമിനാറുകളിൽ പേപ്പർ പ്രസൻ്റേഷൻ അവതരിപ്പിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായി കാണുന്നു
ഇന്ന് ജനകീയമായി സ്ഥാപനം മാറി കഴിഞ്ഞു. നാടിൻ്റെ സ്വന്തം സ്ഥാപനമായി നാട്ടുകാർ ചേർത്തുപിടിച്ചു
പുതിയ മുന്നേറ്റങ്ങളിലേക്ക് കാലടുത്തുവെക്കുന്ന സ്ഥാപനത്തിന് ഒരുപാട് സ്നേഹ മനസ്സുകളോട് വളരെ കൃതജ്ഞതയുണ്ട്. എല്ലാവർക്കും മാസത്തിൽ നടക്കുന്ന മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ സംഗമത്തിലും ആഴ്ച്ചയിൽ നടക്കുന്ന ബുർദ്ദ മജ്ലിസിലും ദുആകളാണ് നന്ദിയായി നൽകാനുള്ളത്. ഉദ്ദേശ്യ പൂർത്തീകരണത്തിനായും മറ്റും നൽകുന്ന സംഭാവനകളും നേർച്ചകളുമാണ് സ്ഥാപനത്തിൻ്റെ പ്രധാന വരുമാന സ്രോതസ്സ്. സഹായിക്കുന്ന സഹകരിക്കുന്ന എല്ലാവർക്കും അല്ലാഹു വലിയ പ്രതിഫലം നൽകട്ടെ എന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു.
